പ്ലസ് ടു കഴിഞ്ഞ് ഏത് കോഴ്‌സ്
ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവുകളില്‍ ഒന്നാണ് പ്ലസ് ടു കഴിഞ്ഞുള്ള തുടര്‍ വിദ്യാഭ്യാസം. പന്ത്രണ്ടാം തരം പാസായശേഷം ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, ഏതു കോളേജില്‍ പഠിക്കണം തുടങ്ങിയ തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്.
ആഗ്രഹമനുസരിച്ച് പഠനം
പന്ത്രണ്ടാം തരം പാസ്സായവര്‍ക്കു മുന്നില്‍ വ്യത്യസ്ത മേഖലകളിലായി ഇന്ന് ധാരാളം അവസരങ്ങള്‍ ഉണ്ട്. പല തൊഴില്‍ ശാഖകളും നല്ല ജോലി സാധ്യതയുള്ളവയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നവയുമാണ്. ഇത്തരം അവസരങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടാവുന്നത് സ്വാഭാവികം. ഇത് ദുരീകരിക്കാന്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ. സ്വന്തം ആഗ്രഹത്തേയും താത്പര്യത്തേയും പറ്റി സ്വയം ചോദിക്കുക. ഈ ചോദ്യത്തിനു ലഭിക്കുന്ന ഉത്തരമനുസരിച്ച് പഠനമേഖല തിരഞ്ഞെടുക്കുക.
നഴ്‌സിംഗ്, ടീച്ചിംഗ്, ബാങ്കിങ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, കമ്പ്യൂട്ടര്‍ പഠനം, നിയമപഠനം, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ജേര്‍ണലിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ടെക്‌നിക്കല്‍ മേഖലയിലെ കോഴ്‌സുകള്‍ തുടങ്ങി അനവധി പഠനശാഖകള്‍ ഉണ്ടല്ലോ. സ്വന്തം താത്പര്യമനുസരിച്ചല്ല കോഴ്‌സ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. അതുകൊണ്ട് ഏത് കോഴ്‌സിന് പഠിക്കണമെന്ന തീരുമാനം എടുക്കുന്നതിന് മുമ്പേ ''ഈ കോഴ്‌സ് പഠിച്ചാല്‍ കിട്ടുന്ന ജോലി എനിക്കിഷ്ടമുള്ള മേഖലയാണ്. ഈ ജോലി ചെയ്യാന്‍ തന്നെയാണ് എന്റെ ആഗ്രഹം'' എന്ന് മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
പ്ലസ് ടു കഴിഞ്ഞ് ഇലക്‌ട്രോണിക്‌സില്‍ എഞ്ചിനിയറിംഗ് ചെയ്യണമെന്നാഗ്രഹിച്ച ഒരു കുട്ടിക്ക് എന്‍ട്രന്‍സില്‍ നല്ല റാങ്ക് കിട്ടിയില്ല. ബി.ടെക്കിന് പകരം ബി.എസ്.സി. ഫിസിക്‌സോ മാത്തമാറ്റിക്‌സോ മാത്രമേ കിട്ടുമായിരുന്നുള്ളൂ. ഒന്നുകില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ലഭിക്കാന്‍ ഒരു വര്‍ഷം കൂടി പഠിക്കുക, അല്ലെങ്കില്‍ കിട്ടുന്ന കോഴ്‌സ് എടുക്കുക. ഈ രണ്ട് തീരുമാനങ്ങളില്‍ ഒന്ന് എടുക്കേണ്ട ഘട്ടം വന്നു. ഒരു വര്‍ഷം എന്‍ട്രന്‍സിനു വേണ്ടി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ആ വഴി ഉപേക്ഷിച്ചുവെങ്കിലും താത്പര്യമുള്ള മേഖല ഉപേക്ഷിക്കാന്‍ ആ കുട്ടി തയ്യാറല്ലായിരുന്നു.
ഏതെങ്കിലുമൊരു ഡിഗ്രി കോഴ്‌സ് പഠിച്ച് ബിരുദധാരിയാവുക എന്ന് തീരുമാനിക്കുന്നതിനുപകരം പത്താം തരത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയ്ക്ക് ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇന്ന് പഠനം കഴിഞ്ഞ് 5 വര്‍ഷം കഴിഞ്ഞപ്പോള്‍ ബി.ടെക് ബിരുദധാരികളേക്കാള്‍ ഉയര്‍ന്ന ശമ്പളവും പദവിയും ഈ കുട്ടിക്കുണ്ട്. സ്വന്തം താത്പര്യം സംരക്ഷിച്ചു എന്ന നിര്‍ണായക തീരുമാനമാണ് ഇവിടെ വഴിത്തിരിവായത്.
ഇഷ്ടമുള്ള കോഴ്‌സ് ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷം എന്‍ട്രന്‍സിനായി തയ്യാറെടുക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. താത്പര്യമുള്ള മേഖലയില്‍ 30/40 വര്‍ഷം ജോലിചെയ്യാനുള്ള അവസരം ഒരു വര്‍ഷം ഒരു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പു നടത്തുകയാണെങ്കില്‍ തുറന്നുകിട്ടുമെങ്കില്‍ ആ 'റിസ്‌ക്' എടുക്കേണ്ടതാണ്. കാരണം, ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ട്. ചെയ്യുന്ന ജോലിയില്‍ താത്പര്യമുള്ളവര്‍ക്കാണ് കരിയറില്‍ വിജയം നേടാന്‍ സാധിക്കുക എന്നതിനാല്‍ സ്വന്തം താത്പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോളേജ് തിരഞ്ഞെടുക്കുമ്പോള്‍
കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഏത് കോളേജില്‍ പഠിക്കണം എന്ന തീരുമാനം. ഒരേ കോഴ്‌സ് രണ്ട് വ്യത്യസ്ത കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും ആത്മവിശ്വാസവും പ്രായോഗിക പരിജ്ഞാനവും മറ്റും തികച്ചും വ്യത്യസ്തമായേക്കാം. കോളേജിലെ പഠനാന്തരീക്ഷവും മറ്റു സാഹചര്യങ്ങളും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ വളരെ സ്വാധീനിക്കുന്നതിനാല്‍ പഠിക്കേണ്ട കോളേജ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ കൂടിയേ തീരൂ.
പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള/പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ (രണ്ടോ മൂന്നോ എണ്ണം) നേരിട്ട് പോയി കാണുക. കോളേജിലെ അന്തരീക്ഷവും ക്യാമ്പസിലെ ഊര്‍ജവും തിരിച്ചറിഞ്ഞശേഷം ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.
കൂടുതല്‍ വൈവിധ്യമുള്ള കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉള്ള കോളേജില്‍ പ്രവേശനം നേടാനായാല്‍ നന്നായിരിക്കും. ഇത്തരം കോളേജുകളില്‍ വിശാലമായ പഠനാന്തരീക്ഷം ഉണ്ടാകും. വൈവിധ്യമാര്‍ന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണര്‍വേകും.
കാമ്പസിലെ സംസ്‌കാരം, പഠന നിലവാരം, പ്ലെയിസ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിച്ചറിയുന്നത് നല്ല തീരുമാനം എടുക്കാന്‍ സഹായിക്കും.
കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം, കുടുംബ സാഹചര്യം, സാമ്പത്തിക നില തുടങ്ങി ഈ തീരുമാനത്തെ സ്വാധീനിക്കുന്ന വ്യക്തിപരമായ ഘടകങ്ങള്‍ ഉണ്ടാവുമെങ്കിലും ഇവ കൂടി പരിഗണിച്ച് ഏറ്റവും ഉചിതമായ തീരുമാനം എടുക്കാം.
ആരോട് ചോദിക്കും?
താത്പര്യമുള്ള കോഴ്‌സുകളെപ്പറ്റിയും വിവിധ വിഷയങ്ങള്‍ പഠിച്ചാല്‍ ലഭിക്കാവുന്ന ജോലിയെപ്പറ്റിയും മറ്റും ആരോട് ചോദിക്കും എന്ന ഒരു സംശയം കൂടി പ്ലസ് ടു പഠിച്ചവര്‍ക്ക് ഉണ്ടായേക്കാം. ലക്ഷ്യം കൃത്യമാണെങ്കില്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും പെട്ടെന്ന് ലഭിക്കും. അധ്യാപകര്‍, സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും പ്രാഥമികമായ വിവരശേഖരണം നടത്താം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും സെമിനാറുകളിലും മറ്റും പങ്കെടുക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ അവസരങ്ങളെപ്പറ്റി അറിയാന്‍ സാധിക്കും.
പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഓരോ കോഴ്‌സിനെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ വായനയാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ഗുരു.
പ്ലസ് ടു/എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് വരുന്നതുവരെയുള്ള സമയത്ത് പഠിക്കേണ്ട കോഴ്‌സിനെക്കുറിച്ചും കോളേജിനെക്കുറിച്ചും ഓരോ വിദ്യാര്‍ത്ഥിയും അല്പം ഗവേഷണം നടത്തേണ്ടതുണ്ട്. മറ്റുള്ളവരോട് ചോദിച്ചറിഞ്ഞും സ്വയം വായിച്ചറിഞ്ഞും അറിവു നേടാനായാല്‍ ഉചിതമായ തീരുമാനം സ്വയം എടുക്കാന്‍ സാധിക്കും.
അല്പം അധ്വാനിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ പറ്റും.
തീരുമാനം ഉറപ്പിക്കും മുേമ്പ...
ഏത് കോഴ്‌സ് എടുത്തു പഠിക്കണം, ഏതു കോളേജില്‍ ചേരണം എന്നീ തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പേ സ്വയം ചോദിച്ച് ബോധ്യം വരേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. പഠനം സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുവാന്‍ ഈ നിര്‍ദേശങ്ങള്‍ സഹായകമാകും.
സ്വന്തം താത്പര്യപ്രകാരമാണോ ഞാന്‍ കോഴ്‌സ് തിരഞ്ഞെടുക്കുന്നത്? ഈ കോഴ്‌സ് പഠിച്ചാല്‍ ഞാന്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുമോ?
മറ്റൊന്നും ലഭിക്കാത്തതിനാലാണോ ഞാന്‍ ഈ കോഴ്‌സ് എടുക്കുന്നത്? താത്പര്യമുള്ള മേഖലയില്‍ പഠിക്കാന്‍ ഒരു വര്‍ഷം കൂടി ശ്രമിക്കേണ്ടതുണ്ടോ?
മതിയായ അന്വേഷണം നടത്തിയിട്ടാണോ ഞാന്‍ ഈ കോളേജ് തിരഞ്ഞെടുക്കുന്നത്? എന്റെ ആത്മവിശ്വാസം വളര്‍ത്താനും, നല്ല ജോലി നേടാനുള്ള പഠനനിലവാരം കൈവരിക്കാനും ഈ കോളേജില്‍ പഠിച്ചാല്‍ സാധിക്കുമോ? ഇല്ലെങ്കില്‍ മറ്റുവഴി എന്താണ്?
ലഭിച്ച കോഴ്‌സും കോളേജും ഉപയോഗിച്ച് എന്റെ ലക്ഷ്യം നേടാന്‍/ആഗ്രഹിച്ച ജോലി ലഭിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്? നല്ലൊരു കരിയര്‍ നേടാന്‍ എപ്പോള്‍ മുതല്‍ പഠിക്കണം?
തീരുമാനത്തില്‍ ഞാന്‍ പൂര്‍ണമായും സംതൃപ്തനാണോ?
Article From: Mathrubhumi